ചണ്ഡീഗഡ്: രാജ്യാന്തര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യ മുസ്‌കാനെ ഹരിയാനയിലെ റോഹ്തക് ജില്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 23 വയസ്സായിരുന്നു. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
2023-ലാണ് റോഹ്തകിലെ മെഹാം സ്വദേശിനിയായ മുസ്‌കാനും ഷീലു ബൽഹാരയും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു വയസ്സുള്ള മകനുണ്ട്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വരെ മുസ്‌കാൻ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നുവെന്നും നൃത്ത വീഡിയോ ഉൾപ്പെടെയുള്ള പോസ്റ്റുകൾ പങ്കുവെച്ചിരുന്നുവെന്നും വിവരമുണ്ട്.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കുടുംബാംഗങ്ങളുടെ മൊഴിയും ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

