കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് ഇഡി. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു.
കല്ലും ഇഷ്ടികയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച്, മരണം സംഭവിക്കാമെന്ന പൂർണ ബോധ്യത്തോടെയായിരുന്നു ആക്രമണമെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥനും സി.ആർ.പി.എഫ് ജവാനും ഡ്രൈവർക്കും ഗുരുതര പരിക്കേറ്റതായും ഇഡി അറിയിച്ചു.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്ത സംഘടിത നടപടിയാണെന്നും, ഇതിന് പിന്നിൽ വലിയ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ആക്രമണത്തിനിടെ ഔദ്യോഗിക വാഹനം തകർത്തതിലൂടെ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും വ്യക്തമാക്കി.
ആയുധങ്ങൾ കണ്ടെത്തിയതുകൊണ്ട് മാത്രം അന്വേഷണം പൂർത്തിയായതായി കരുതാനാകില്ലെന്നും, നിയമവിരുദ്ധമായി സംഘടിച്ചതിന്റെ ലക്ഷ്യം ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയായിരുന്നുവെന്നും ഇഡി ചൂണ്ടിക്കാട്ടി.
ഇഡിയുടെ വാദം കേൾക്കാതെ പ്രതികളുടെ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി അസിസ്റ്റന്റ് ഡയറക്ടർ ഹൈക്കോടതിയിൽ മറുപടി സമർപ്പിച്ചു.

