ബാലഘട്ട്: മധ്യപ്രദേശിലെ ബാലഘട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. പാരാപ്പൂർ ബൈഗറ്റോള ഗ്രാമത്തിലെ സുഗ്നി ബായ് ധ്രുവെ (30) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കൻഹ ദേശീയോദ്യാനത്തിന് സമീപമുള്ള പാരാപ്പൂർ ബൈഗറ്റോള ഗ്രാമത്തിൽ സുഗ്നി താമസിച്ചിരുന്ന വീടിന് വാതിൽ ഉണ്ടായിരുന്നില്ല. ദേശീയോദ്യാനത്തിൽ നിന്ന് എത്തിയ കടുവ വീടിനുള്ളിൽ കയറി ഉറങ്ങിക്കിടന്ന സുഗ്നിയുടെ തലയിൽ കടിച്ച് പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
ഏകദേശം 300 മീറ്റർ ദൂരത്തോളം കടുവ യുവതിയെ വലിച്ചിഴച്ചതായി അധികൃതർ അറിയിച്ചു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കടുവ സുഗ്നിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി മറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
മേഖലയിൽ കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കുടുംബത്തിന് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

