Home Entertainmentട്രെയിലർ ഷെയർ ചെയ്‌ത് സ്വർണം നേടാം; ‘ജി.ഡി.എൻ’ ടീമിന്റെ പ്രത്യേക മത്സരം, ഒന്നാം സമ്മാനം 10 ഗ്രാം സ്വർണം

ട്രെയിലർ ഷെയർ ചെയ്‌ത് സ്വർണം നേടാം; ‘ജി.ഡി.എൻ’ ടീമിന്റെ പ്രത്യേക മത്സരം, ഒന്നാം സമ്മാനം 10 ഗ്രാം സ്വർണം

by news_desk1
0 comments

ആർ. മാധവൻ നായകനാകുന്ന ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7ന് തിയറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പ്രത്യേക മത്സരം പ്രഖ്യാപിച്ചു. നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് ട്രെയിലർ കാണുകയും അത് ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക് സ്വർണനാണയങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

മത്സരത്തിൽ ഏറ്റവും കൂടുതൽ കോയിൻസ് നേടുന്ന വിജയിക്ക് ഒന്നാം സമ്മാനമായി 10 ഗ്രാം സ്വർണം ലഭിക്കും. രണ്ടാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെ നേടുന്നവർക്ക് 2 ഗ്രാം സ്വർണം വീതം സമ്മാനമായി നൽകും. നിർമാതാക്കളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ നിന്നാണ് ക്യൂആർ കോഡ് ലഭ്യമാകുക. മത്സരം ഓഗസ്റ്റ് 6 വരെ തുടരും.

ഇന്ത്യയുടെ പ്രമുഖ എഞ്ചിനീയറും കണ്ടുപിടിത്തകാരനുമായ ജി. ഡി. നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക്കാണ് ‘ജി.ഡി.എൻ’. അസാധാരണമായ കണ്ടുപിടിത്തങ്ങളിലൂടെയും വ്യവസായ സംരംഭങ്ങളിലൂടെയും കോയമ്പത്തൂരിനെ വ്യാവസായിക കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജി. ഡി. നായിഡു. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ നിർമിച്ചതിന്റെ ബഹുമതിയും അദ്ദേഹത്തിനാണ്. ‘ഇന്ത്യയുടെ എഡിസൺ’ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശാസ്ത്രലോകത്തേക്കുള്ള ജി. ഡി. നായിഡുവിന്റെ യാത്രയും ഒരു സംരംഭകനെന്ന നിലയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും അവതരിപ്പിക്കുന്നു. ആർ. മാധവനൊപ്പം സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് കൃഷ്ണകുമാർ രാമകുമാറാണ്.

2022-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ശേഷം, മറ്റൊരു ശാസ്ത്രജ്ഞന്റെ ജീവിതകഥയുമായാണ് ആർ. മാധവൻ എത്തുന്നത്.

തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് വസന്തയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിംഗും നിർവഹിക്കുന്നു. വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും, ട്രൈ കളർ ഫിലിംസിന്റെ ബാനറിൽ ആർ. മാധവനും ഭാര്യ സരിതയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഉർവശി തിയേറ്റേഴ്സാണ്. പി.ആർ.ഒ: ഐശ്വര്യ രാജ്.

You may also like