തമിഴ് സൂപ്പർതാരം അജിത്ത് നായകനാകുന്ന പുതിയ ചിത്രം ‘ഡെയർഡെവിള്സ്’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി ആദ്യമായി നിർമാതാവാകുന്നു എന്നതാണ്. ബ്രേവ്ഹാർട്സ് പ്രൊഡക്ഷൻസ് ബാനറിലൂടെയാണ് ശാലിനി ചിത്രം നിർമിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രനാണ്. തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കുന്നത്. ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അജിത്തും ആദിക് രവിചന്ദ്രനും വീണ്ടും ഒന്നിക്കുന്ന സിനിമയായതിനാൽ ആരാധകർ വലിയ പ്രതീക്ഷയിലാണ്.
റേസിംഗ് രംഗത്ത് സജീവമായിരുന്ന അജിത് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവഹിക്കും.
അതേസമയം, ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത അജിത്തിന്റെ മുൻ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ആഗോളതലത്തിൽ 212 കോടി രൂപയാണ് നേടിയിരിക്കുന്നത്. ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് തുടരുകയാണ്. ആക്ഷൻ-കോമഡി പശ്ചാത്തലത്തിൽ എത്തിയ ചിത്രത്തിൽ അജിത്തിനൊപ്പം തൃഷ നായികയായി എത്തിയിരുന്നു. പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുൽ ദേവ്, റെഡിൻ കിംഗ്്സ്ലി, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി.എസ്. അവിനാശ്, പ്രിയ പ്രകാശ് വാര്യർ, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു

