ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പൊലീസ് ചെന്നൈയിലെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടിവികെ വനിതാ വിഭാഗം നൽകിയ പരാതിയെ തുടർന്നാണ് നടപടി. മൊഴിയെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഉദയനിധി മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് നടന്നത്.
അറസ്റ്റിനെ “ഒരു തമാശ” പോലെയാണ് കാണുന്നതെന്ന് പ്രതികരിച്ച ഉദയനിധി, തന്റെ പരാമർശം തെറ്റായിരുന്നുവെന്ന് തോന്നുന്നില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി. നിലവിലെ സാഹചര്യം അടിയന്തരാവസ്ഥയേക്കാൾ മോശമാണെന്നും അദ്ദേഹം ആരോപിച്ചു.
ഉദയനിധിയെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയതിന് പിന്നാലെ ഡിഎംകെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഉച്ചയ്ക്ക് 12 മണിവരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദേശമുണ്ടായിരുന്നുവെന്നും, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന നിലപാടാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുണ്ട്. അറസ്റ്റിന് പിന്നാലെ ടിവികെ പ്രവർത്തകർ ആഹ്ലാദ പ്രകടനവും നടത്തി.
സംഭവം രാജ്യസഭയിലും പ്രതിധ്വനിച്ചു. പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിലൂടെ തമിഴ്നാട്ടിൽ അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് ഡിഎംകെ രാജ്യസഭയിൽ ആരോപിച്ചു. എന്നാൽ ഇത് സംസ്ഥാന വിഷയമാണെന്നായിരുന്നു പ്രതികരണം. സെക്ഷൻ 196 (വംശീയാധിക്ഷേപം), 192 (കലാപാഹ്വാനം), 352 (വ്യക്തി അപമാനം), 79 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 61 (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കാവേരി നദീജല വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് വിവാദ പരാമർശമുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെ സദസിൽ നിന്ന് “തൃഷ” എന്ന മുദ്രാവാക്യം ഉയർന്നപ്പോൾ, പ്രസംഗം നിർത്തി ചെറുചിരിയോടെ ഉദയനിധി നടത്തിയ ദ്വയാർഥ പരാമർശമാണ് വിവാദമായത്. തുടർന്ന് നടപടി ആവശ്യപ്പെട്ട് ടിവികെയും ബിജെപിയും ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തുകയായിരുന്നു.

