തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ വീതം നൽകുമെന്നും മരണപ്പെട്ടവരുടെ സംസ്കാരച്ചെലവിനായി 10,000 രൂപ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി സഹായ പ്രഖ്യാപനങ്ങൾ നടത്തിയത്. 2024-ൽ തൃശ്ശൂരിൽ കാലവർഷക്കെടുതിയെ തുടർന്ന് നൽകാനുള്ള ബാക്കി ധനസഹായവും അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ കാലവർഷക്കെടുതിയിൽ 26 പേർ മരിച്ചതായും 11 പേർക്ക് പരിക്കേറ്റതായും നാല് പേരെ കാണാതായതായും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്താകെ 462 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

