Home Keralaമഴക്കെടുതിക്കൊപ്പം പനി ഭീഷണിയും; ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നു, നാല് ദിവസത്തിനിടെ 302 പേർക്ക് രോഗബാധ

മഴക്കെടുതിക്കൊപ്പം പനി ഭീഷണിയും; ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നു, നാല് ദിവസത്തിനിടെ 302 പേർക്ക് രോഗബാധ

by news_desk1
0 comments

കൊച്ചി: മഴക്കെടുതികൾക്കൊപ്പം സംസ്ഥാനത്ത് ഇൻഫ്ലുവൻസ വ്യാപനവും ആശങ്കയുയർത്തുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. എച്ച്1എൻ1 (H1N1) കേസുകളിലും വർധനയുണ്ടായതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളെ സാധാരണ പനിയെന്ന് കരുതി അവഗണിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്നലെ മാത്രം 115 പേരാണ് ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ജൂലൈ മാസത്തിൽ 2,899 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. അതിൽ 31 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് ആകെ 70 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന H1N1 കേസുകളിലും വർധനയുണ്ട്. ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 2,771 പേർക്ക് H1N1 സ്ഥിരീകരിച്ചു. ഇതിൽ 42 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് ഇത്തവണ രോഗവ്യാപനം രേഖപ്പെടുത്തുന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ. തിരുവനന്തപുരവും കോഴിക്കോടും ഉൾപ്പെടെയുള്ള നഗരമേഖലകളിലും രോഗബാധ ഉയരുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം, തിരക്കേറിയ ഇടങ്ങളിലെ സമ്പർക്കം, അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം എന്നിവ വൈറസ് വ്യാപനത്തിന് കാരണമാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഈർപ്പം കൂടുതലായതിനാൽ വൈറസ് കൂടുതൽ സമയം അന്തരീക്ഷത്തിൽ നിലനിൽക്കുകയും, സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുമ്പോൾ രോഗം വേഗത്തിൽ പകരുകയും ചെയ്യുന്നുവെന്നാണ് വിശദീകരണം.

രോഗപ്രതിരോധശേഷി കുറഞ്ഞവർ മാസ്ക് ഉപയോഗിക്കണമെന്നും, രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ വൈകിക്കരുതെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

ഇതിനിടെ ഇൻഫ്ലുവൻസയ്‌ക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും സംസ്ഥാനത്ത് ആശങ്കയാകുകയാണ്. പ്രതിദിന ഡെങ്കിപ്പനി കേസുകൾ 100ന് അടുത്താണ്. വെള്ളപ്പൊക്കത്തിന് പിന്നാലെ എലിപ്പനി കേസുകൾ വർധിക്കാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. രോഗം തിരിച്ചറിയാൻ വൈകുന്നത് അപകടകരമായതിനാൽ, ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഉപയോഗിക്കുകയും സമയബന്ധിതമായി ചികിത്സ തേടുകയും ചെയ്യേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

You may also like