Home Keralaക്ഷേമപെൻഷൻ വിതരണം മാറ്റുന്നത് അംഗീകരിക്കാനാകില്ല; സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ക്ഷേമപെൻഷൻ വിതരണം മാറ്റുന്നത് അംഗീകരിക്കാനാകില്ല; സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

by news_desk1
0 comments

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നേരിട്ട് ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുന്ന സംവിധാനം അവസാനിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്നും പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാവപ്പെട്ടവരുടെ കൈകളിലേക്ക് നേരിട്ട് പെൻഷൻ തുക എത്തിച്ചിരുന്ന ജനകീയ വിതരണ സംവിധാനമാണ് പുതിയ ഉത്തരവിലൂടെ ഇല്ലാതാക്കുന്നതെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡിബിടി (DBT) വഴി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കൽ പെൻഷൻ വിതരണം അവസാനിപ്പിക്കാനുള്ള ഈ നീക്കം, പെൻഷൻ പദ്ധതി തന്നെ ദുർബലപ്പെടുത്താനുള്ള ആദ്യപടിയാണെന്നും അദ്ദേഹം വിമർശിച്ചു.

വീട്ടുപടിക്കൽ സേവനം ആവശ്യമുള്ളവരിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണെന്നും പുതിയ തീരുമാനം ഇവർക്ക് വലിയ തിരിച്ചടിയാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷൻ അവകാശമല്ല, സർക്കാരിന്റെ ഔദാര്യമാണെന്ന സമീപനത്തിന്റെ പ്രതിഫലനമാണ് പുതിയ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു.

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശങ്ങളെ മറികടന്നാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോയിരുന്നതെന്നും, എന്നാൽ നിലവിലെ സർക്കാർ കേന്ദ്ര നിർദേശങ്ങളെ അവസരമാക്കി പെൻഷൻ പദ്ധതിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനകീയ പെൻഷൻ വിതരണ സംവിധാനം നിലനിർത്തുകയും ആവശ്യമായ എല്ലാ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ മുഖേന വീടുകളിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

You may also like