Home Keralaമലങ്കര ഡാമിൽ സംഭരണ ശേഷിയുടെ പകുതിയോളം ചെളി; ചെറിയ മഴയിലും ഷട്ടർ തുറക്കേണ്ട അവസ്ഥ

മലങ്കര ഡാമിൽ സംഭരണ ശേഷിയുടെ പകുതിയോളം ചെളി; ചെറിയ മഴയിലും ഷട്ടർ തുറക്കേണ്ട അവസ്ഥ

by news_desk1
0 comments

ഇടുക്കി: ഇടുക്കിയിലെ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും അടിഞ്ഞുകൂടിയതായി കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തി. ഇതുമൂലം ചെറിയ മഴ പെയ്താലും ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമാണുള്ളത്.

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശയത്തിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കുടിവെള്ള പദ്ധതികൾക്ക് പ്രധാന ആശ്രയമായ ഈ ഡാമിൽ എക്കലും മണ്ണും അടിഞ്ഞുകൂടി സംഭരണ ശേഷി ഗണ്യമായി കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു.

അഞ്ച് വർഷം മുമ്പ് കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ഡാമിന്റെ സംഭരണ ശേഷിയുടെ 48.95 ശതമാനവും മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇത്രയും കാലം ചെളി നീക്കം ചെയ്യുന്നതിനുള്ള കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇതിന്റെ ഫലമായി ചെറിയ മഴയുണ്ടായാലും അധികജലം ഒഴുക്കിവിടാൻ ഷട്ടറുകൾ തുറക്കേണ്ടിവരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

മലങ്കര ഡാമിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നത് തൊടുപുഴയിലും മൂവാറ്റുപുഴയിലുമുള്ള നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതിനും കാരണമാകുന്നുണ്ട്. കൂടാതെ മൂലമറ്റം വൈദ്യുത നിലയത്തിൽ വൈദ്യുതോത്പാദനം വർധിപ്പിക്കുമ്പോൾ അധികജലം മലങ്കരയിലെത്തുന്നതിനാൽ അപ്പോഴും ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു.

അണക്കെട്ടിൽ ചെളി നീക്കം ചെയ്യാത്തതിനാൽ വർഷംതോറും 2,745 ദശലക്ഷം ഘനമീറ്റർ വെള്ളം പാഴാകുന്നുവെന്നാണ് കണക്ക്. ആകെ 18 ദശലക്ഷം ഘനമീറ്റർ ചെളിയും എക്കലുമാണ് നീക്കം ചെയ്യേണ്ടത്.

ഡീ-സിൽറ്റേഷൻ നടപടികൾക്കായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് അറിയിച്ചു. കാഞ്ഞാർ പാലം മുതൽ അണക്കെട്ട് വരെയുള്ള ഭാഗത്തെ ചെളി ആദ്യം നീക്കം ചെയ്യുമെന്നും മൂന്ന് വർഷത്തിനുള്ളിൽ മലങ്കര ഡാമിന്റെ സംഭരണ ശേഷി പുനഃസ്ഥാപിക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

You may also like