ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി പിൻവലിച്ചതായി ചെങ്കൽപട്ട് കുടുംബ കോടതി അറിയിച്ചു. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത ഹർജി സമർപ്പിച്ചിരുന്നത്. 2021 മുതൽ വിജയിക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു.
ഇതിനിടെ, വിജയും സംഗീതയും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇരുവരെയും വീണ്ടും ഒരുമിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിക്കുന്നത്. ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, ഇക്കാര്യത്തിൽ വിജയോ സംഗീതയോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂൺ 22ന് വിജയിന്റെ ജന്മദിനത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ സംഗീതയും മക്കളും പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സംഗീതയെയോ മക്കളെയോ പൊതുവേദികളിൽ കണ്ടിരുന്നില്ല.
ഹർജിയിൽ വിജയിക്കെതിരെ നിരവധി ഗുരുതര ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചിരുന്നത്. മറ്റൊരു നടിയുമായി വിജയിക്ക് ബന്ധമുണ്ടെന്നും, 2021ൽ അതിനെക്കുറിച്ച് അറിഞ്ഞ് എതിർപ്പ് അറിയിച്ചിട്ടും ബന്ധം തുടർന്നത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഇരുവരും നീലാങ്കരയിലെ വീട്ടിൽ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.
1998ൽ യുകെയിൽ വെച്ചായിരുന്നു വിജയുടെയും സംഗീതയുടെയും വിവാഹം. പ്രണയവിവാഹമായ ഇരുവർക്കും രണ്ട് മക്കളുണ്ട്.
