തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയായ ഐഡിഎസ്എഫ്കെയിൽ പ്രദർശിപ്പിക്കാനായി തെരഞ്ഞെടുത്ത ചില ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വിദഗ്ധ സെലക്ഷൻ കമ്മിറ്റിയാണ് ഐഡിഎസ്എഫ്കെയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. സമഗ്രമായ തിരഞ്ഞെടുപ്പ് നടപടിക്രമത്തിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്ര മേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്യുമെന്ററി സിനിമകളും ഹ്രസ്വചിത്രങ്ങളും സമൂഹത്തിലെ വിവിധ യാഥാർഥ്യങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണ്. വ്യത്യസ്ത ആശയങ്ങൾക്കും ചോദ്യങ്ങൾക്കും സംവാദങ്ങൾക്കും ഇടം നൽകുക എന്നതാണ് ഒരു രാജ്യാന്തര ചലച്ചിത്രമേളയുടെ അടിസ്ഥാന സ്വഭാവമെന്നും മന്ത്രി പറഞ്ഞു.
പ്രേക്ഷകർക്ക് സിനിമകൾ കാണാനും അവയെ സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനും അവസരം ഉറപ്പാക്കേണ്ടതുണ്ടെന്നും പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ഐഡിഎസ്എഫ്കെയിലെ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച നടപടി കേന്ദ്രം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
