Home NationalUPI സൗജന്യമായി തുടരും; ചില വ്യാപാരി ഇടപാടുകൾക്ക് ഭാവിയിൽ യൂസർഫീ വന്നേക്കും

UPI സൗജന്യമായി തുടരും; ചില വ്യാപാരി ഇടപാടുകൾക്ക് ഭാവിയിൽ യൂസർഫീ വന്നേക്കും

by news_desk1
0 comments

ന്യൂഡൽഹി: യുപിഐ സേവനം ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ ഭാവിയിൽ പരിമിതമായ ചില വ്യാപാരി ഇടപാടുകൾക്ക് യൂസർഫീ ഈടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം അയക്കുന്ന ‘പേഴ്‌സൺ ടു പേഴ്‌സൺ’ (P2P) ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരും. ഭൂരിഭാഗം വ്യാപാരി ഇടപാടുകൾക്കും നിലവിലെ സൗജന്യ സേവനം തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കി.

യുപിഐ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലെ ഇടപാടുകൾക്ക് ബാങ്കുകൾക്കും മറ്റ് സേവനദാതാക്കൾക്കും ചാർജ് ഈടാക്കാൻ അനുമതി നൽകുന്നതിനായി പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ്, 2007 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഭാവിയിൽ എംഡിആർ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഏർപ്പെടുത്തുകയാണെങ്കിൽ, നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ എണ്ണം വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ബാധകമാകുക. ചാർജ് നാമമാത്രമായിരിക്കുമെന്നും ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലെ എംഡിആറിനേക്കാൾ വളരെ കുറവായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകൾക്കും ഒരുപോലെ ചാർജ് ബാധകമാകില്ലെന്നും സർക്കാർ വ്യക്തമാക്കി.

You may also like