Home Top Storiesതിരച്ചിലിനൊടുവിൽ അർജുൻ ആയങ്കി പിടിയിൽ; കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ്

തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കി പിടിയിൽ; കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ്

by news_desk1
0 comments

കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നഗരത്തിലെ ഒരു അപാർട്ട്മെന്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. പൊലീസെത്തിയപ്പോൾ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലാകുകയായിരുന്നു. സുഹൃത്തായ മറ്റൊരാളും ഇയാൾക്കൊപ്പം അപാർട്ട്മെന്റിലുണ്ടായിരുന്നു.

കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികൾ.

കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒയ്ക്കുമെതിരെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചും അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പൊലീസ് തിരച്ചിൽ ശക്തമാക്കിയത്.

കരിപ്പൂർ സ്വർണക്കടത്ത്, സ്വർണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ അർജുൻ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.

You may also like