കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ പത്താം ദിവസവും തുടരുന്നു. അമ്മ രേഷ്മയുടെ പ്രതിഷേധത്തിനും സുരേഷ് ഗോപിയുടെ ഇടപെടലിനും പിന്നാലെ നാവികസേനയും കോസ്റ്റ് ഗാർഡും ഉൾപ്പെടെ തിരച്ചിൽ ഊർജിതമാക്കി. കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠം ഗ്രൗണ്ടിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിനായി പ്രത്യേക ഹെലിപാഡും സജ്ജമാക്കി. ഇന്ധനം നിറയ്ക്കാൻ ഐഒസിയുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
ഗൗതം കൃഷ്ണയ്ക്കായി നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി കപ്പൽ നീണ്ടകരയിലെത്തി. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് കുടുംബം പറഞ്ഞു. തിരച്ചിലിനായി നേവിയെ എത്തിച്ചതിൽ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപിക്ക് നന്ദിയുണ്ടെന്നും ഗൗതത്തിന്റെ അമ്മ രേഷ്മ പ്രതികരിച്ചു.
മത്സ്യബന്ധന വള്ളം മറിഞ്ഞ് ഗൗതത്തെ കാണാതായിട്ട് 10 ദിവസമായി. യുവാവിന്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് തിരച്ചിൽ ശക്തമാക്കിയത്. നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ ആദ്യം നടത്തിയ ചർച്ച ഫലം കണ്ടില്ല. തിരച്ചിൽ നടത്തണമെന്ന ആവശ്യം ഉന്നയിക്കാൻ കുടുംബം വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് രേഷ്മ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി. വിദഗ്ധ സംഘം തിരച്ചിൽ നടത്തുമെന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഗൗതത്തിന്റെ അച്ഛനും മുത്തച്ഛനും നേരത്തെ ഒരു അപകടത്തിൽ മരിച്ചിരുന്നു.
സുരേഷ് ഗോപിയുടെ പ്രതികരണം
ഗൗതം കൃഷ്ണയെ കണ്ടെത്താൻ ഒരു ജനപ്രതിനിധി എന്നതിലുപരി സഹോദരനെന്ന നിലയിൽ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗൗതത്തിന്റെ അമ്മയുടെ സങ്കടം തന്റെ സ്വന്തം സങ്കടമാണെന്നും തിരച്ചിൽ ഏതെങ്കിലും കാരണത്താൽ മന്ദഗതിയിലാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കടലിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ തിരമാലകളിൽപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് സുരേഷ് ഗോപി പറഞ്ഞു. ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ഓരോ നിമിഷവും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടങ്ങിയ കപ്പൽ കടലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകളും ആകാശമാർഗം നിരീക്ഷണം ശക്തമാക്കി. ഇന്ത്യൻ ഓയിലും എടിഎഫും ദൗത്യത്തിന് ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനായി അമൃതപുരിയിൽ കോളേജ് അധികൃതരുടെ സഹകരണത്തോടെ പുതിയ എമർജൻസി ഹെലിപാഡും സജ്ജമാക്കുന്നുണ്ട്.
ഗൗതത്തിന്റെ അമ്മയുടെ പ്രതീക്ഷയാണ് ഏറ്റവും വലുതെന്നും ഭരണകൂടത്തിന്റെ ഇടപെടലും കൂട്ടായ പ്രാർഥനയും ഒന്നുചേരുമ്പോൾ ഗൗതം തിരികെയെത്തുമെന്ന പൂർണ വിശ്വാസമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അവസാന ശ്വാസംവരെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും പ്രതീക്ഷ കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
