പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണവിഭവങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാവിന്റെ ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മീനും കണ്ടെത്തി.
അടൂർ ബൈപ്പാസിലെ വിവിധ ഹോട്ടലുകളിലാണ് ഇന്ന് രാവിലെ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. അടൂർ എസ്.എൻ ഹോട്ടൽ, രാജധാനി, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, സൺ റൈസ്, പഴങ്കഞ്ഞിക്കട, അൽ റാസി, ബിഗ് മൗത്ത് തുടങ്ങിയ ഹോട്ടലുകളിലും ഹോളിക്രോസ് ഹോസ്പിറ്റൽ കാന്റീനിലും പരിശോധന നടന്നു.
പരിശോധനയിൽ ഭൂരിഭാഗം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇതിൽ ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണം കണ്ടെത്തിയത് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാവിന്റെ ഹോട്ടലിൽ നിന്നാണ്. ഇവിടെ നിന്ന് 50 കിലോ പഴകിയ മീൻ പിടിച്ചെടുത്തു.
അതിനിടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്താൻ ചില ഹോട്ടലുകാർ ശ്രമിച്ചതായും പരാതിയുണ്ട്.
ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന എന്നിവരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
