തിരുവനന്തപുരം: ബസിൽ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുൻമന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി.
പ്രജീഷിന്റെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടിരുന്നു. സംഭവത്തിൽ തിരുവനന്തപുരം എസ്.എ.പി അസിസ്റ്റന്റ് കമാൻഡന്റ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
നിലവിൽ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രജീഷിനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
