Home Keralaകേരളാ തീരത്തെ എംഎസ്‌സി എൽസ 3 കപ്പൽ അപകടം; അപകടകരമായ ചരക്കുകൾ ഇപ്പോഴും കടലിനടിയിൽ, ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

കേരളാ തീരത്തെ എംഎസ്‌സി എൽസ 3 കപ്പൽ അപകടം; അപകടകരമായ ചരക്കുകൾ ഇപ്പോഴും കടലിനടിയിൽ, ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

by news_desk1
0 comments

കൊച്ചി: കേരളാ തീരത്ത് എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തിൽപ്പെട്ട് ഒരു വർഷം പിന്നിട്ടിട്ടും അപകടകരമായ ചരക്കുകളും കണ്ടെയ്‌നറുകളും കടലിനടിയിൽ തന്നെ തുടരുന്നതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കടലിനടിയിലുള്ള കണ്ടെയ്‌നറുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇതുവരെ പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കടലിനടിയിലെ പരിശോധനയ്ക്കായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. കാലവർഷം അവസാനിച്ച ശേഷമായിരിക്കും തുടർപരിശോധനകൾ നടത്തുകയെന്നും നിലവിൽ സുരക്ഷിതമായി പരിശോധന നടത്താൻ അനുകൂല സാഹചര്യമല്ലെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം, സാൽവേജ് നടപടികൾ കൃത്യമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് കപ്പൽ കമ്പനിയുടെ വിശദീകരണം. കടലിനടിയിലുള്ള കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനുള്ള ശ്രമം കൂടുതൽ അപകടസാധ്യത സൃഷ്ടിക്കാമെന്നതിനാൽ അവ കടലിനടിയിൽ തന്നെ തുടരുന്നതാണ് ഉചിതമെന്ന നിലപാടാണ് കമ്പനി കോടതിയെ അറിയിച്ചിരിക്കുന്നത്.

2025 മേയ് 25നാണ് ലൈബീരിയൻ പതാകയുള്ള എംഎസ്‌സി എൽസ 3 കപ്പൽ ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

കപ്പൽ അപകടവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പലിലെ ക്രൂ അംഗങ്ങൾ മൂന്നാം പ്രതികളുമാണ്. മനുഷ്യജീവന് അപകടം ഉണ്ടാകുന്ന വിധത്തിൽ ചരക്കുകപ്പൽ കൈകാര്യം ചെയ്തെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

You may also like