Home Nationalഎയർ ഇന്ത്യ ആകാശച്ചുഴി അപകടം: പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവെന്ന് റിപ്പോർട്ട്

എയർ ഇന്ത്യ ആകാശച്ചുഴി അപകടം: പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവെന്ന് റിപ്പോർട്ട്

by news_desk1
0 comments

ദില്ലി: പൂക്കറ്റ്–ദില്ലി എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനാ ഫലവും പോസിറ്റീവാണെന്ന് റിപ്പോർട്ട്. ആദ്യ പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന സംശയത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം, പൈലറ്റിന്റെ രണ്ടാം പരിശോധനാഫലം പോസിറ്റീവാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാധ്യമങ്ങളും പൊതുജനങ്ങളും നിഗമനങ്ങളിൽ എത്തരുതെന്ന് വ്യോമയാന മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അപകടത്തിൽ 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായും രാജ്യാന്തര ചട്ടങ്ങൾ പാലിച്ചായിരിക്കും അന്വേഷണം നടത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് നാലിന് തായ്‌ലൻഡിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എഐ2379 എയർബസ് എ320 വിമാനമാണ് ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്ന വിമാനം ആകാശത്ത് വെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരിക്കേറ്റത്.

അപകടത്തിന് പിന്നാലെ പൈലറ്റുമാരിൽ നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസ് പരിശോധനയിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമുള്ള തരത്തിൽ പോസിറ്റീവ് സൂചനകൾ കണ്ടെത്തിയിരുന്നു. സാമ്പിളുകൾ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു. വിമാനത്തിന്റെ അപകടത്തിന് കാരണം ആകാശച്ചുഴി മാത്രമാണോയെന്നും എഎഐബി പരിശോധിക്കും.

സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയുടെ സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന പരാതിയും ഇതിന് പിന്നാലെയുണ്ടായിരുന്നു.

അന്വേഷണം പൂർത്തിയാകുന്നതുവരെ രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി. പരിശോധന നിയമപ്രകാരമുള്ള നടപടിയാണെന്നും എന്നാൽ പരിശോധനാ ഫലങ്ങൾ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും അധികൃതർ ശേഖരിച്ചിട്ടുണ്ട്.

You may also like