തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി. സെമി സ്ലീപ്പർ സർവീസ് ഓഗസ്റ്റ് 16ന് ആരംഭിക്കും. ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഇക്കാര്യം അറിയിച്ചത്. നിർത്തിവെച്ച ആലപ്പുഴ–ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന കെ.സി. വേണുഗോപാൽ എം.പിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി. ആലപ്പുഴയിൽ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പി. സർവീസ് ഉദ്ഘാടനം ചെയ്യും. സർവീസിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സർവീസ് ഇതേ റൂട്ടിലൂടെ സഞ്ചരിച്ച് പിറ്റേദിവസം രാവിലെ എട്ടിന് ആലപ്പുഴയിലെത്തും.
സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.
വാട്സ്ആപ്പ് വഴിയും ടിക്കറ്റ് ബുക്കിങ്
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.onlineksrtcswift.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം. കൂടാതെ, കെഎസ്ആർടിസി അടുത്തിടെ ആരംഭിച്ച വാട്സ്ആപ്പ് ബുക്കിങ് സംവിധാനത്തിലൂടെയും ടിക്കറ്റ് എടുക്കാം. 9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചാൽ പ്രത്യേക ആപ്പുകളോ രജിസ്ട്രേഷനോ ഇല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുക്കാനും ഓൺലൈനായി പണമടയ്ക്കാനും സംവിധാനത്തിലൂടെ സാധിക്കും. ബുക്കിങ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും ഇതേ ചാറ്റിൽ ലഭിക്കും.
