ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള നാല് പ്ലാനുകൾ എയർടെൽ പിൻവലിച്ചു. 299 രൂപ, 579 രൂപ, 619 രൂപ, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി നിർത്തിയത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് മാറ്റമെന്നാണ് വിവരം. ഇതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ നിരക്കുള്ള പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടി വരും. മൊബൈൽ റീചാർജിൽ 5 മുതൽ 16 ശതമാനം വരെ അധിക ചെലവുണ്ടാകുന്ന തരത്തിലാണ് മാറ്റം.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 299 രൂപയുടെ പ്ലാൻ പിൻവലിച്ചതാണ്. പകരം ഇനി 349 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കേണ്ടിവരും. 299 രൂപയുടെ പ്ലാനെ അപേക്ഷിച്ച് 16 ശതമാനം നിരക്ക് വർധനയാണെങ്കിലും കൂടുതൽ ഡേറ്റയാണ് 349 രൂപയുടെ പ്ലാനിൽ ലഭിക്കുക. പഴയ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിച്ചിരുന്നെങ്കിൽ പുതിയ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കും.
അതേസമയം, 28 ദിവസത്തെ വാലിഡിറ്റിയുള്ള 199 രൂപയുടെയും 219 രൂപയുടെയും പ്ലാനുകൾ തുടരും. അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്ന ഈ പ്ലാനുകളിൽ 28 ദിവസത്തേക്ക് യഥാക്രമം 2 ജിബിയും 3 ജിബിയും മാത്രമാണ് ഡേറ്റ ലഭിക്കുക. അതിനാൽ കൂടുതൽ ഡേറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് പ്രത്യേകം റീചാർജ് ചെയ്യേണ്ട സാഹചര്യമുണ്ടാകും.
എല്ലാ പ്രീപെയ്ഡ് പ്ലാനുകളുടെയും നിരക്ക് ഒരേസമയം ഉയർത്തുന്നതിന് പകരം തിരഞ്ഞെടുത്ത പ്ലാനുകളിൽ മാത്രമാണ് എയർടെൽ മാറ്റം വരുത്തിയത്. കൂടുതൽ ഡേറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ വരുമാനം നേടുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് നടപടി. പ്രീപെയ്ഡ് പ്ലാനുകളിലെ ആശയക്കുഴപ്പം കുറയ്ക്കുന്നതിനും വരുമാന വളർച്ച ഉറപ്പാക്കുന്നതിനും മാറ്റങ്ങൾ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
