തിരുവനന്തപുരം: ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകില്ല. അന്ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ ഓണാവധിക്ക് ശേഷം നടത്തും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
ഓഗസ്റ്റ് 21നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടത്താനും തുടർന്ന് ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കാനും തീരുമാനിച്ചിരുന്നത്. ഓണാഘോഷത്തിനിടെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പരീക്ഷ മാറ്റിയതോടെ വിദ്യാർഥികൾക്ക് ഓണാഘോഷങ്ങളിൽ പങ്കെടുക്കാനാകും.
ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സർക്കാർ ഓണാവധി പ്രഖ്യാപിച്ചിരിക്കുന്നത്. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഓഗസ്റ്റ് 21ന് ഓണാഘോഷം നടക്കും. തുടർന്ന് സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും.
ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് വിദ്യാലയങ്ങൾ തുറക്കുക. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തെ അവധിയില്ല. ഒൻപത് ദിവസമാണ് ഓണാവധിയായി ലഭിക്കുക.
