തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ 27 മുതൽ ആരംഭിച്ച ഓണം സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ വ്യാപകമാക്കിയത്. സംസ്ഥാനത്ത് ആകെ 5016 പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസുകൾ നൽകി. 390 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസുകളും നൽകി.
കൂടാതെ, 623 ഭക്ഷ്യവസ്തുക്കളുടെ സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1899 സർവെയ്ലൻസ് സാമ്പിളുകളും ശേഖരിച്ചു. ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പരിശോധനയിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
ഭക്ഷ്യവസ്തുക്കളുടെ ലേബൽ വിവരങ്ങൾ, നിർമാണ-കാലാവധി തീയതികൾ, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ, ഘടകങ്ങളുടെ പ്രഖ്യാപനം, നിയമാനുസൃത ലേബലിംഗ് എന്നിവ പരിശോധിക്കുന്നുണ്ട്. ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ പ്രധാന അസംസ്കൃത വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ പരിശോധന നടത്തും.
ഹോട്ടലുകളിലും ഓൺലൈൻ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ക്ലൗഡ് കിച്ചണുകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കി. പ്രത്യേകിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഓണസദ്യയും മറ്റ് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്ന ഭക്ഷ്യസംരംഭങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പരിശോധന നടക്കുന്നുണ്ട്.
ഭക്ഷണം തയ്യാറാക്കുന്നതിലും പാക്ക് ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള ശുചിത്വം, താപനില നിയന്ത്രണം, സുരക്ഷിതമായ അസംസ്കൃത വസ്തുക്കളുടെ ഉപയോഗം, ഭക്ഷണത്തിന്റെ ശരിയായ ലേബലിംഗ് എന്നിവ ഉറപ്പാക്കുന്നതിനാണ് പ്രധാനമായും ശ്രദ്ധ നൽകുന്നത്.
ഓൺലൈൻ പർച്ചേസിംഗ് പ്ലാറ്റ്ഫോമുകളുടെ വിതരണ കേന്ദ്രങ്ങളിലെ പരിശോധനകളും കൂടുതൽ കാര്യക്ഷമമാക്കും. ഇവിടെ സൂക്ഷിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം, സംഭരണ സാഹചര്യങ്ങൾ, കാലാവധി കഴിഞ്ഞതോ കേടായതോ ആയ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം, ലേബലിംഗ്, ബാച്ച് വിവരങ്ങൾ എന്നിവ പ്രത്യേകം പരിശോധിക്കും.
