Home Keralaപുലിക്കളി സംഘങ്ങൾക്ക് ധനസഹായം; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി, ‘അധമ രാഷ്ട്രീയ പ്രവർത്തനം നടത്തി’

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി, ‘അധമ രാഷ്ട്രീയ പ്രവർത്തനം നടത്തി’

by news_desk1
0 comments

തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചു. താൻ ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമമായ പ്രവർത്തനമാണ് നടത്തിയതെന്ന് സുരേഷ് ഗോപി ആരോപിച്ചു.

ധനസഹായം കൈമാറുന്ന ചടങ്ങിലായിരുന്നു സുരേഷ് ഗോപിയുടെ വിമർശനം. വലിയ സന്തോഷത്തോടെയല്ല പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പും ഉദ്യോഗസ്ഥരും അധമ രാഷ്ട്രീയ പ്രവർത്തനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

മുൻ ടൂറിസം സെക്രട്ടറി ബിജുവിനെ ഇക്കാര്യത്തിൽ നിരവധി തവണ വിളിച്ചിരുന്നെന്നും പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്ന നടപടിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. പുലിക്കളി സംഘങ്ങൾക്ക് ഇതിന് മുമ്പ് ഫണ്ട് അനുവദിച്ച ചരിത്രമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“മോദിയുടെയും അമിത് ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽനിന്നല്ല ഈ ഫണ്ട് നൽകുന്നത്. ഇന്ത്യയുടെ ഫണ്ടാണ് നൽകുന്നത്,” സുരേഷ് ഗോപി പറഞ്ഞു. സംഘങ്ങൾ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അംഗങ്ങൾ വായിച്ച് മനസിലാക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിർദേശങ്ങൾ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കല്ല നൽകിയതെന്നും ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും കളക്ടർക്കുമാണ് നിർദേശങ്ങൾ അയച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. മുൻ കളക്ടർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

താൻ ചെയ്യാത്ത തെറ്റിന്, തെരഞ്ഞെടുപ്പിൽ ഈ വിഷയം ഉപയോഗിച്ചവർ പ്രായശ്ചിത്തം ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ‘ഇൻക്രെഡിബിൾ ഇന്ത്യ’ ലോഗോ ഉൾപ്പെടാതിരുന്നത് നിയമപരമായ വീഴ്ചയാണ്. കേരളം ഈ വീഴ്ച ഏറ്റുപറഞ്ഞതോടെയാണ് ഫണ്ട് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെനിന്ന് ജയിച്ച് മന്ത്രിയായ ഒരാളാണ് ഈ വിഷയത്തിന് കുടപിടിച്ചതെന്നും ഇനി ഇത്രയും അധമമായി പെരുമാറരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

You may also like