Home Keralaകെഎസ്ആർടിസി ബസുകൾ മൂലമുള്ള അപകടങ്ങളിൽ ഇൻഷുറൻസ് ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ നിർദേശം

കെഎസ്ആർടിസി ബസുകൾ മൂലമുള്ള അപകടങ്ങളിൽ ഇൻഷുറൻസ് ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ ഇരകളാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിലും യഥാസമയം ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതിലും വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്.

കെഎസ്ആർടിസിയുടെ 50 ശതമാനം ബസുകൾ ഇൻഷുറൻസ് പരിരക്ഷയില്ലാതെ സർവീസ് നടത്തുകയാണെന്ന പരാതിയിലാണ് നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പൊതുപ്രവർത്തകനായ വിനോദ് മാത്യു വിൽസൺ പരാതി നൽകിയത്.

പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കെഎസ്ആർടിസി എം.ഡിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. കെഎസ്ആർടിസി ബസുകൾക്ക് പ്രത്യേക ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചീഫ് ലോ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

അതേസമയം, കെഎസ്ആർടിസിയിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുഖാന്തരമാണ് ഈ ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുന്നത്.

ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടാൽ പരാതി സമർപ്പിക്കാമെന്നും കെഎസ്ആർടിസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകടങ്ങളിൽ ഇരകളാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.

You may also like