Home Top Stories‘ഇഡി പരിശോധനയിൽ ഒന്നും കിട്ടിയില്ല’; ലേക്കർ ഇന്ത്യയുടെ വിവരങ്ങൾ നോമിനേഷനിൽ ഉണ്ടായിരുന്നെന്ന് പി.എ. മുഹമ്മദ് റിയാസ്

‘ഇഡി പരിശോധനയിൽ ഒന്നും കിട്ടിയില്ല’; ലേക്കർ ഇന്ത്യയുടെ വിവരങ്ങൾ നോമിനേഷനിൽ ഉണ്ടായിരുന്നെന്ന് പി.എ. മുഹമ്മദ് റിയാസ്

by news_desk1
0 comments

കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീണയുമായി ബന്ധപ്പെട്ട നിയമനടപടികളുടെ ഭാഗമായി നടന്ന പല കാര്യങ്ങളിലും താൻ പ്രതികരിച്ചിരുന്നില്ലെന്നും എന്നാൽ തന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ വേട്ടയാടാൻ ശ്രമം നടക്കുകയാണെന്നും റിയാസ് ആരോപിച്ചു.

വീണ സ്വതന്ത്ര വ്യക്തിയാണെന്നും ബിസിനസ് നടത്തുന്നതിൽ പ്രശ്നമില്ലെന്നും റിയാസ് പറഞ്ഞു. എന്നാൽ ഇന്നലെ ഇഡി പരിശോധന നടത്തിയ സ്ഥാപനങ്ങൾ തന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട ഇടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘകാലമായി ബിസിനസ് നടത്തുന്നവരാണ് തന്റെ സുഹൃത്തുക്കളെന്നും താൻ പാർലമെന്ററി രംഗത്തേക്ക് വരുന്നതിന് മുമ്പ് തന്നെ അവരുമായി ബന്ധമുണ്ടായിരുന്നുവെന്നും റിയാസ് പറഞ്ഞു.

അന്വേഷണം തനിക്കെതിരെ നീളുന്നതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലേക്കർ ഇന്ത്യ എന്ന സ്ഥാപനം ഉണ്ടെന്നും അതിന്റെ വിവരങ്ങൾ തന്റെ നോമിനേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. സ്ഥാപനം നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ ബിസിനസിൽ രാഷ്ട്രീയ ബന്ധം ഉപയോഗിച്ചിട്ടുണ്ടോ എന്നത് മാത്രമാണ് പരിശോധിക്കേണ്ട വിഷയമെന്നും അതിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും റിയാസ് പറഞ്ഞു. ഓരോ വാർത്തയ്ക്കും മറുപടി പറയാൻ താൻ തയ്യാറല്ലെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ ഉടമകളായ നിഖിലും മറ്റുള്ളവരും കുടുംബ സുഹൃത്തുക്കളും അടുത്ത സുഹൃത്തുക്കളുമാണെന്ന് റിയാസ് പറഞ്ഞു. അവരുമായുള്ള ബന്ധം ജീവിതകാലം മുഴുവൻ തുടരുമെന്നും തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡിയുടെ ശ്രദ്ധ പിണറായി വിജയനിൽ നിന്ന് തന്നിലേക്കും നീളുന്നതിൽ തനിക്ക് ഭയമില്ലെന്നും റിയാസ് പറഞ്ഞു. ചില മാധ്യമ സ്ഥാപനങ്ങൾ ലേക്കർ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ അനാവശ്യ ഇടപെടൽ നടത്തിയെന്നും അദ്ദേഹം വിമർശിച്ചു.

ഇഡി അന്വേഷിച്ച കേസുകളിൽ എത്ര എണ്ണം തെളിയിക്കപ്പെട്ടുവെന്ന വിവരങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ടെന്നും ബിജെപി എങ്ങനെയാണ് ഇഡിയെ ഉപയോഗിക്കുന്നതെന്ന് വ്യക്തമാണെന്നും റിയാസ് ആരോപിച്ചു. എന്നാൽ കോൺഗ്രസിനെയും ലീഗിനെയും പോലെ ഇഡി എന്ന് കേൾക്കുമ്പോൾ ഓടി ഒളിക്കുന്നവരല്ല തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎമ്മിന്റെയും രാഷ്ട്രീയമായി നേരിടാൻ തീരുമാനം

വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് സിപിഐഎമ്മിന്റെയും തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടി നേതാക്കളുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തുന്നത് സിപിഐഎമ്മിനെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

വലിയ തോതിലുള്ള കൊള്ള ബിജെപി നടത്തുമ്പോൾ നടപടിയെടുക്കാതെ സിപിഐഎമ്മിനെ വേട്ടയാടാനാണ് ഇഡി ഇറങ്ങിയിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ലേക്കർ ഇന്ത്യയെക്കുറിച്ചുള്ള അന്വേഷണം

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി.യുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ലേക്കർ ഇന്ത്യ കോർപ്പറേഷൻ ‘ഷെൽ കമ്പനി’യാണെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന കമ്പനിക്ക് ഓഫീസില്ലെന്ന വിവരവും പുറത്തുവന്നിരുന്നു.

2023ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിലാസത്തിലും ദുരൂഹതയുണ്ടെന്നാണ് വിവരം. മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനമാണെന്നാണ് രേഖകളിലുള്ളത്. കമ്പനിയുടെ മറ്റൊരു പങ്കാളിയായ അനീസ് കൊടമ്പിയാത്ത് അറക്കലിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ അക്കൗണ്ടിലുള്ള 15.57 ലക്ഷം രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ മരവിപ്പിച്ചിരുന്നു.

You may also like