കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണായി സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ് മായ ചെയർപേഴ്സൺ സ്ഥാനത്തെത്തിയത്. മായയ്ക്ക് 16 വോട്ടുകൾ ലഭിച്ചപ്പോൾ എതിരാളിയായ റിയ ചീരാങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗൺസിലർ ലിസിക്കുട്ടി കോൺഗ്രസ് സ്ഥാനാർഥി റിയ ചീരാങ്കുഴിക്ക് വോട്ട് ചെയ്തു.
കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുൽ, 12 എൽഡിഎഫ് കൗൺസിലർമാരുടെയും മൂന്ന് കോൺഗ്രസ് വിമതരുടെയും സ്വന്തം വോട്ടും ഉൾപ്പെടെ നേടിയാണു ചെയർപേഴ്സണായത്. വിജയത്തിന് പിന്നാലെ ഇത് നന്മയുടെ വിജയമാണെന്ന് മായ പ്രതികരിച്ചു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന് സ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്നതിനുള്ള സാഹചര്യമുണ്ടായത്.
യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന പാലാ നഗരസഭയിൽ എൽഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അഞ്ച് യുഡിഎഫ് കൗൺസിലർമാർ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്.
വിപ്പ് ലംഘിച്ച് യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് കൗൺസിലർമാരും മായാ രാഹുലും എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു.
പാലാ നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രരായി വിജയിച്ച ബിനു പുളിക്കകണ്ടവും മകൾ ദിയ ബിനു പുളിക്കകണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ടേമിൽ ചെയർപേഴ്സൺ സ്ഥാനം ദിയയ്ക്ക് നൽകിയത്. എന്നാൽ ആറുമാസം മാത്രമാണ് ആ ഭരണത്തിന് ആയുസുണ്ടായത്.
