അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെയും കപ്പലുകളെയും ലക്ഷ്യമിട്ടതിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര, ധനകാര്യ ഇടപാടുകളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും.
ബുധനാഴ്ച പുലർച്ചെ യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹാമേലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് പുറത്തുവരുന്ന തെറ്റായ അവകാശവാദങ്ങൾ യുഎഇ തള്ളിക്കളയുന്നതായും അവർ വ്യക്തമാക്കി.
മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനായി പരസ്പര ചർച്ചകൾക്കും സഹകരണത്തിനുമാണ് യുഎഇ മുൻഗണന നൽകുന്നതെന്നും അഫ്ര അൽ ഹാമേലി കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ഇറാൻ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെയും കപ്പലുകളെയുമാണ് ലക്ഷ്യമിട്ടതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തലിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. മിസൈലുകളെ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിനിടെ രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
ഒരു മിസൈൽ രാജ്യത്തിന് പുറത്തും രണ്ടാമത്തെ മിസൈൽ യുഎഇയുടെ സമുദ്ര അതിർത്തിക്കുള്ളിലും പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ ഏതാനും മിനിറ്റുകൾക്കകം അടിയന്തര ജാഗ്രതാ നിർദേശം പിൻവലിച്ചു.
ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യുഎഇ അധികൃതർ അഭ്യർത്ഥിച്ചു.
