തിരുവനന്തപുരം: ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള അലവൻസ് സർക്കാർ ഇരട്ടിയാക്കി. 500 രൂപ വർധിപ്പിച്ചതോടെ ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് 1000 രൂപ അലവൻസായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.
അതേസമയം, ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാർക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 2500 രൂപ കൂടുതലാണ് ഇത്തവണ നൽകുന്നത്. പരമാവധി ബോണസ് തുക 1,05,000 രൂപയായിരിക്കും. അഡ്വാൻസായി 50,000 രൂപ വരെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
എംപ്ലോയ്‌മെന്റ് ജീവനക്കാർക്കുള്ള ബോണസ് തുകയും 250 രൂപ വർധിപ്പിച്ച് 6250 രൂപയാക്കി. സീപ്പർമാർക്ക് 6750 രൂപ നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ നൽകാനും തീരുമാനിച്ചു.
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അർഹരായ ജീവനക്കാർക്ക് 4500 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ നൽകും.
സർവീസ് പെൻഷൻകാർക്ക് 1250 രൂപയാണ് പ്രത്യേക ഉത്സവബത്ത. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ ലഭിക്കും.
