തൃശൂർ: തൃശൂരിന്റെ പെരുമയായ പുലിക്കളിയെക്കുറിച്ചുള്ള നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ കടുത്ത വിമർശനത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി തൃശൂർ എം.പി സുരേഷ് ഗോപി. വി.കെ. ശ്രീരാമൻ അങ്ങനെ ഒരു പ്രസ്താവന നടത്തുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം അങ്ങനെ പറഞ്ഞതിൽ വലിയ സങ്കടമുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
പുലിക്കളി കലാകാരന്മാർ പ്രത്യേക വിഭാഗമാണെന്നും അത്രയും ത്യാഗം സഹിച്ചാണ് അവർ കല അവതരിപ്പിക്കുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി. അത്തരം കലാകാരന്മാർക്ക് കൃത്യമായ കരുതലും പിന്തുണയുമാണ് നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, തൃശൂർ പുലിക്കളിക്കെതിരെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി വി.കെ. ശ്രീരാമൻ രംഗത്തെത്തിയിരുന്നു. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും, ഈ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നും നാട്യശാസ്ത്രത്തിൽ ഈ ‘കുംഭകുലുക്കിക്കളി’യെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
ശ്രീരാമന്റെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ശ്രീരാമൻ നടത്തിയത് വ്യക്തമായ ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം ഭാരവാഹികൾ കുറ്റപ്പെടുത്തി.
