Home Keralaപുലിക്കളി പരാമർശത്തിൽ വിമർശനം ശക്തമായി; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ

പുലിക്കളി പരാമർശത്തിൽ വിമർശനം ശക്തമായി; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ

by news_desk1
0 comments

തൃശൂർ: പുലിക്കളിയെ വിമർശിച്ച പരാമർശത്തിൽ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചു. തൃശൂരിലേത് സിംഗിൾ തീം കാർണിവലാണെന്ന് മനസ്സിലാക്കാതെയുള്ള തന്റെ അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഖേദക്കുറിപ്പ് പുറത്തിറക്കിയത്.

വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നായിരുന്നു ശ്രീരാമന്റെ നേരത്തെയുള്ള വിമർശനം. തൃശൂർ സ്വരാജ് റൗണ്ടിൽ പുലിക്കളി നടത്താനുള്ള ഒരുക്കങ്ങളുമായി വിവിധ ദേശങ്ങൾ മുന്നോട്ട് പോകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി സംഘങ്ങളും വിവിധ രാഷ്ട്രീയ, സാംസ്കാരിക പ്രസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴും അദ്ദേഹം തന്റെ വാദത്തിൽ ഉറച്ചുനിന്നു. ശ്രീരാമനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖരും രംഗത്തെത്തി.

ശ്രീരാമന്റെ പ്രസ്താവന അനുചിതമാണെന്ന് സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. ഇത് ബോഡി ഷെയിമിങ്ങാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അയ്യന്തോൾ ദേശം ഉൾപ്പെടെയുള്ള പുലിക്കളി സംഘങ്ങളും പ്രതികരിച്ചിരുന്നു.

തുടർന്നാണ് ശ്രീരാമൻ ഫേസ്ബുക്കിലൂടെ വിശദീകരണ കുറിപ്പ് പുറത്തിറക്കി ഖേദം പ്രകടിപ്പിച്ചത്. തൃശൂരിലെ പുലിക്കളി സിംഗിൾ തീം ആർട്ട് ഫോമാണെന്നും കാസർകോട്ടേത് മാർഷൽ ആർട്സ് ഫോമാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഇത് മനസ്സിലാക്കാതെയുള്ള തന്റെ അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നും അഭിപ്രായ പ്രകടനവും അനുചിതമായ പദപ്രയോഗവും മനോവിഷമമുണ്ടാക്കിയതിൽ ഖേദിക്കുന്നതായും ശ്രീരാമൻ വ്യക്തമാക്കി.

You may also like