തിരുവനന്തപുരം: 35 ദിവസത്തെ ഓണക്കാല വിൽപ്പനയിൽ സപ്ലൈകോ 433.81 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 385 കോടി രൂപയായിരുന്നു വിറ്റുവരവ്. മുൻ വർഷത്തേക്കാൾ 48 കോടിയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അന്നേദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്.
ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ നാല് വരെയുള്ള 35 ദിവസത്തിൽ 385 കോടി രൂപയായിരുന്നു വിറ്റുവരവ്. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വിൽപ്പനശാലകളിലും തിരക്ക് വർധിച്ചതോടെ 433.81 കോടി രൂപയുടെ വിറ്റുവരവ് നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.
ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278.42 കോടി രൂപ സബ്സിഡിയേതര ഇനത്തിലുമാണ്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വിലക്കുറച്ചാണ് ഇത്തവണ വിതരണം ചെയ്തത്. 35 ദിവസത്തിനിടെ 53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 5.33 കോടി രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 94 ലക്ഷം രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 4.82 കോടി രൂപയായിരുന്നു.
