കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ ‘പ്രദർശിപ്പിക്കുന്നത്’ അനുവദനീയമല്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ ആധുനിക ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിൽ നിരവധി പ്രഗത്ഭരായ മുസ്ലിം വനിതകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന കാലമാണിത്. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ലക്ഷ്യമിടുന്ന ഇത്തരം ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകളെന്നും എസ്എഫ്ഐ ആരോപിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന തുല്യാവകാശവും ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാരസ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിലായാലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.
കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ ഇത്തരം ഫത്വകളിലൂടെ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നതെന്നും എസ്എഫ്ഐ വിമർശിച്ചു.
ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും തുല്യാവകാശങ്ങൾക്കും വേണ്ടി പോരാടിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവുമായ സർക്കുലർ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുകയും സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുകയും ചെയ്യുന്ന ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തള്ളിക്കളയാനും ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനുമായി വിദ്യാർത്ഥികളും കേരളീയ പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയർത്തണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
