ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനെതിരെ വീണ്ടും പ്രകോപനപരമായ സന്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പ്രധാന എണ്ണ സങ്കേതമായ ഖാർഗ് ദ്വീപ് ആക്രമണത്തിൽ തകർന്നടിയുന്ന തരത്തിൽ കൃത്രിമമായി നിർമ്മിച്ച എഐ വീഡിയോ ദൃശ്യങ്ങളാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്.
ലാരക് ദ്വീപിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വൻ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാരക് ദ്വീപിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നിർമ്മിച്ച റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യുഎസ് സേന കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തിയിരുന്നു.
അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ബോംബുകൾ സ്ഥാപിക്കാൻ ഇറാൻ നീക്കം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. ഇതിന് മറുപടിയായി ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ അയച്ച് ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു.
അമേരിക്കയുടെ നീക്കം ചരിത്രപരമായ തെറ്റാണെന്നും, വലിയ സാമ്പത്തികവും സൈനികവുമായ തിരിച്ചടി യുഎസ് നേരിടേണ്ടി വരുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നാണ് ഖാർഗ് ദ്വീപ്. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ വലിയൊരു പങ്കും ഈ ദ്വീപ് വഴിയാണ് നടക്കുന്നത്. ഈ കേന്ദ്രം തകർക്കുന്നതായി എഐ ദൃശ്യങ്ങളിലൂടെ ചിത്രീകരിച്ച് ട്രംപ് പങ്കുവെച്ചത് ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകർക്കുമെന്ന പരസ്യമായ ഭീഷണിയായാണ് ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്.
