നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) അടുത്ത 25 വർഷത്തെ വികസന പദ്ധതികൾ തയ്യാറാക്കുന്നതിനായി ജേക്കബ് സൊല്യൂഷൻസിന് 6.64 കോടി രൂപയുടെ കരാർ നൽകി. ഇതിന്റെ ഭാഗമായി ഏജൻസി പഠനം ആരംഭിച്ചു.
രണ്ടാം റൺവേ, ടാക്സിവേ, എയർസൈഡ് അനുബന്ധ വികസനങ്ങൾ, യാത്രാ ടെർമിനലുകളുടെ വിപുലീകരണം, കാർഗോ കോംപ്ലക്സ് വികസനം, വിമാനത്താവളത്തിലേക്കുള്ള മൾട്ടി മോഡൽ കണക്ടിവിറ്റി എന്നിവയാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തുക.
ഭാവിയിലെ വികസനത്തിന് ആവശ്യമായ ഭൂമി, അടുത്ത 25 വർഷത്തെ വ്യോമയാന വികസന സാധ്യതകൾ, പദ്ധതികളുടെ പാരിസ്ഥിതിക-സാമൂഹിക ആഘാതം എന്നിവയും പഠനവിധേയമാക്കും.
സിയാലിന്റെ 25 വർഷത്തെ പ്രവർത്തനത്തിനിടെ പ്രതിവർഷ യാത്രക്കാരുടെ എണ്ണം 1.14 കോടിയായും വിമാന സർവീസുകളുടെ എണ്ണം 73,134 ആയും ഉയർന്നിട്ടുണ്ട്. അടുത്ത കാൽനൂറ്റാണ്ടിൽ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിലുണ്ടാകാവുന്ന വർധന കണക്കിലെടുത്തുള്ള വികസന തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഏജൻസിയുടെ പ്രധാന ചുമതല.
മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട പഠനം പൂർത്തിയാക്കി 10 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
