Home Top Stories‘പി.എം. ശ്രീ നടപ്പാക്കാതെ ഫണ്ടില്ല’; കേരളത്തിന് നൽകാനുള്ള 1500 കോടി തടഞ്ഞുവെച്ച് കേന്ദ്രം, ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയക്കും

‘പി.എം. ശ്രീ നടപ്പാക്കാതെ ഫണ്ടില്ല’; കേരളത്തിന് നൽകാനുള്ള 1500 കോടി തടഞ്ഞുവെച്ച് കേന്ദ്രം, ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയക്കും

by news_desk
0 comments

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം (SSK) ഫണ്ട് ലഭ്യമാകണമെങ്കിൽ ‘പി.എം. ശ്രീ’ (PM SHRI) പദ്ധതി നടപ്പാക്കണമെന്ന് നിർബന്ധിച്ച് കേന്ദ്ര സർക്കാർ വീണ്ടും കടുത്ത നിലപാടിലേക്ക്. വിഷയം ചർച്ച ചെയ്യുന്നതിനായി എസ്.എസ്.കെ ഡയറക്ടർ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പദ്ധതിയിൽ ഉടൻ പങ്കാളിയാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കേരള ചീഫ് സെക്രട്ടറിക്ക് വീണ്ടും ഔദ്യോഗികമായി കത്തയക്കും.

അനന്തര നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് വ്യക്തമാക്കിയാണ് കേന്ദ്രത്തിന്റെ കത്ത് എത്തുക. ആർ.ടി.ഇ (Right to Education) ഒഴികെയുള്ള എല്ലാ എസ്.എസ്.കെ ഫണ്ടുകൾക്കും പി.എം. ശ്രീ പദ്ധതി നിർബന്ധമാണെന്നാണ് കേന്ദ്ര സർക്കാർ ഉറപ്പിച്ചു പറയുന്നത്.

എസ്.എസ്.കെ വിഹിതമായി കേന്ദ്രത്തിൽ നിന്നും കേരളത്തിന് ഇനി ലഭിക്കാനുള്ളത് 1500 കോടി രൂപയാണ്. ഇതിൽ ഈ വർഷത്തെ ഗഡുവായി മാത്രം 350 കോടി രൂപ ലഭിക്കേണ്ടതുണ്ട്. കേന്ദ്ര നിലപാട് കടുപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ ഭീഷണിയിലായിരിക്കുകയാണ്.

You may also like