Home Nationalകൽക്കരി സ്റ്റോക്ക് കുത്തനെ കുറഞ്ഞു; വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക്

കൽക്കരി സ്റ്റോക്ക് കുത്തനെ കുറഞ്ഞു; വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക്

by news_desk1
0 comments

ദില്ലി: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റോക്ക് ആശങ്കാജനകമായി കുറയുന്നു. രാജ്യത്തെ 50 താപവൈദ്യുത യൂണിറ്റുകളിൽ കൽക്കരി സംഭരണം നിർണായക നിലയിലെത്തിയതായി കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

സെപ്റ്റംബർ രണ്ടിലെ കണക്കനുസരിച്ച് രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ ആകെ കൽക്കരി സ്റ്റോക്ക് 28.2 ദശലക്ഷം ടണ്ണാണ്. സാധാരണ നിലയിൽ നിലനിർത്തേണ്ട കൽക്കരി സംഭരണത്തിന്റെ 48 ശതമാനം മാത്രമാണിത്. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് ഏകദേശം ഒൻപത് ദിവസത്തേക്ക് മാത്രമാണ് വൈദ്യുതി ഉൽപാദനം നടത്താനാകുക.

താപവൈദ്യുത നിലയങ്ങളിൽ സാധാരണയായി ഏകദേശം 19 ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്ക് നിലനിർത്തേണ്ടതുണ്ട്. രാജ്യത്തെ 45 നിലയങ്ങൾ പ്രധാനമായും ആഭ്യന്തര കൽക്കരിയെയാണ് ആശ്രയിക്കുന്നത്.

മൺസൂൺ മഴയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി കൽക്കരി, വൈദ്യുതി, റെയിൽവേ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം പ്ലാന്റുകളിലെ കൽക്കരി സ്റ്റോക്ക് ദിവസേന നിരീക്ഷിക്കുന്നുണ്ട്.

വൈദ്യുതി ഉൽപാദനത്തെ ബാധിക്കാതിരിക്കാൻ കൽക്കരി വിതരണം വേഗത്തിലാക്കാനും ചില നിലയങ്ങളിലെ നിർബന്ധിതമല്ലാത്ത അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.

You may also like