തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസിലെ തമ്മിലടിയിൽ ആരോപണവിധേയനായ പാളയം പ്രദീപ് രമ്യ ഹരിദാസ് എംഎൽഎയുടെ ഔദ്യോഗിക പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന വാദം തെറ്റാണെന്ന് വിവരം. രമ്യ ഹരിദാസിന്റെ സഹായിയായാണ് പ്രദീപ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക പേഴ്സണൽ അസിസ്റ്റന്റിന് മാത്രം പങ്കെടുക്കാൻ അനുമതിയുള്ള ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗത്തിൽ പ്രദീപ് പങ്കെടുത്തതും വിവാദമായിട്ടുണ്ട്. സജിത്ത് മുട്ടപ്പാലം ഇതിനെ ചോദ്യം ചെയ്തിരുന്നു.
എം.എം. ഹസന്റെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. എല്ലാവരോടും സംസാരിച്ചശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് അന്വേഷണ സമിതി അധ്യക്ഷൻ എം.എം. ഹസൻ വ്യക്തമാക്കിയിരുന്നു. വീഴ്ച കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അറിയിച്ചു. നിയമനടപടിയിലേക്ക് പോകാതെ സംഘടനാതലത്തിൽ പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് പ്രാദേശിക നേതാവ് സജാദും കുടുംബവും.
തർക്കത്തിന് തുടക്കമിട്ടത് എംഎൽഎയുടെ അനുയായിയായ പാളയം പ്രദീപാണെന്ന് സജാദ് ആരോപിച്ചു. കേസുകൾ ഒത്തുതീർപ്പാക്കാൻ ഇരുവിഭാഗങ്ങളുമായും ചർച്ച നടത്താനുള്ള നീക്കവും നടക്കുന്നതായാണ് വിവരം. അച്ചടക്ക നടപടിക്ക് മുമ്പ് പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അതേസമയം, സംഘടനാതലത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. പാളയം പ്രദീപ്, സജിത്ത് മുട്ടപ്പാലം എന്നിവർക്കെതിരെ നടപടിയുണ്ടാകാനും രമ്യ ഹരിദാസിന് താക്കീത് നൽകാനും നീക്കമുണ്ടെന്നാണ് വിവരം.
