കൊച്ചി: ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിൽ സി.പി.ഐ.എം നേതാവ് പി. ശശിക്ക് പുറമെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും പോലീസിന്റെ അന്വേഷണ പരിധിയിലേക്ക്. പി. ശശിക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ്, കേസിൽ ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തേക്കും. സംഭവത്തിൽ അന്വേഷണത്തിനായി കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു.
പരാതിക്കാരനായ ഷർഷാദിന്റെ മൊഴി പ്രത്യേക സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് ഷർഷാദ് നൽകിയ പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. തനിക്കെതിരെ ഉണ്ടായ അറസ്റ്റിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം വേണമെന്ന് ഷർഷാദ് ആവശ്യപ്പെട്ടിട്ടുണ്ട്. പി. ശശി അടക്കമുള്ളവരുടെ ഫോൺ കോൾ റെക്കോർഡുകളും വാട്ട്‌സ്ആപ്പ് ചാറ്റുകളും പരിശോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
യുകെയിലെ മലയാളി വ്യവസായി രാജേഷ് കൃഷ്ണ സി.പി.ഐ.എം നേതാക്കളുടെ ബിനാമിയാണെന്നും മന്ത്രിമാരുടേതടക്കം സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് ഷർഷാദ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയ്ക്കും എം.എ. ബേബിക്കും നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ ഈ കത്ത് ചോർന്ന സംഭവം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പാർട്ടി സെക്രട്ടറിയുടെ മകനെതിരായ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഓഫീസ് ഇടപെട്ട് തനിക്കെതിരെ കള്ളക്കേസെടുപ്പിക്കുകയായിരുന്നു എന്നാണ് ഷർഷാദിന്റെ ഗുരുതരമായ ആരോപണം.
