ഡാലസ്: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ വോട്ടർമാർക്ക് വമ്പൻ വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ രാജ്യത്തെ പ്രായപൂർത്തിയായ ഓരോ പൗരനും 5000 ഡോളർ വീതം നൽകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഏകദേശം നാല് ലക്ഷത്തിലധികം ഇന്ത്യൻ രൂപ വരുന്നതാണ് 5000 ഡോളർ.
2026ലെ റിപ്പബ്ലിക്കൻ കൺവെൻഷനിൽ ഡാലസിൽ സംസാരിക്കുമ്പോഴാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. തന്റെ ഭരണത്തിന് കീഴിൽ അമേരിക്കൻ സമ്പദ്വ്യവസ്ഥ വലിയ കുതിച്ചുചാട്ടം നടത്തിയെന്നും രാജ്യം ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കൻമാർ വിജയിച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെ ബലത്തിൽ ഓരോ പൗരനും 5000 ഡോളർ ‘ഡിവിഡന്റ്’ നൽകാൻ കഴിയുമെന്നാണ് ട്രംപ് പറഞ്ഞത്.
എന്നാൽ രാജ്യത്തെ ഏകദേശം 27 കോടി പ്രായപൂർത്തിയായ പൗരന്മാർക്ക് 5000 ഡോളർ വീതം നൽകാൻ ആവശ്യമായ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നോ പണം എങ്ങനെ വിതരണം ചെയ്യുമെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ 2000 ഡോളറിന്റെ താരിഫ് റിബേറ്റ് ചെക്കുകൾ നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനായി നിയമനിർമാണം ആവശ്യമാണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കിയിരുന്നു.
അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് ഭരണകൂടം പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ സാമ്പത്തിക പദ്ധതിയാണിത്. 2025 ജനുവരി ഒന്നിനും 2028 ഡിസംബർ 31നും ഇടയിൽ ജനിക്കുന്ന ഓരോ അമേരിക്കൻ കുട്ടിക്കും 1000 ഡോളർ പ്രാരംഭ നിക്ഷേപം നൽകുന്ന ‘ട്രംപ് അക്കൗണ്ട്സ്’ പദ്ധതിയും ട്രംപ് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. 2025ൽ 14.5 ലക്ഷം സൈനികർക്ക് 1776 ഡോളർ വീതം നികുതിയില്ലാത്ത ഒറ്റത്തവണ ബോണസായി ‘വാരിയർ ഡിവിഡന്റ്’ എന്ന പേരിലും തുക നൽകിയിരുന്നു.
അതേസമയം, സമീപകാല സർവേകളിലെ ജനപ്രീതി ഇടിവ്, ഏഴ് മാസത്തിലേറെയായി തുടരുന്ന ഇറാൻ സംഘർഷം, രാജ്യത്തെ ഉയർന്ന ജീവിതച്ചെലവ്, എണ്ണവില എന്നിവ ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക വാഗ്ദാനമെന്നാണ് വിലയിരുത്തൽ.
