തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എംപിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണസമിതി റിപ്പോർട്ട്. വിഷയത്തിൽ പക്വതയോടെ ഇടപെട്ടില്ലെന്നും അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിയെ സമീപിക്കുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും എം.എം. ഹസൻ അധ്യക്ഷനായ അന്വേഷണസമിതി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
രമ്യാ ഹരിദാസിനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് നിലവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പരസ്യശാസനയിൽ നടപടി ഒതുക്കാമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇന്നത്തെ കെപിസിസി യോഗത്തിൽ രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കയ്യാങ്കളി വിവാദത്തിൽ എംപിക്കെതിരെ കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇതോടെ രമ്യാ ഹരിദാസിനെതിരെ നടപടി സ്വീകരിക്കാൻ കെപിസിസി നിർബന്ധിതമായേക്കും. നിലവിൽ കെപിസിസി ഉപാധ്യക്ഷയാണ് രമ്യാ ഹരിദാസ്. അന്വേഷണസമിതി റിപ്പോർട്ടും നേതാക്കളുടെ അഭിപ്രായങ്ങളും പരിഗണിച്ച് രമ്യാ ഹരിദാസിനെ ചുമതലയിൽ നിന്ന് നീക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും മുന്നിലുണ്ട്.
കയ്യാങ്കളി വിവാദത്തിൽ അന്വേഷണസമിതിക്ക് മുന്നിൽ ഹാജരാകാൻ ആദ്യഘട്ടത്തിൽ രമ്യാ ഹരിദാസ് തയ്യാറായിരുന്നില്ല. വിഷയത്തിൽ ‘എല്ലാം പാർട്ടി പറയും’ എന്നായിരുന്നു പ്രതികരണം. തുടർന്ന് ഇന്നലെയാണ് അവർ സമിതിക്ക് മുന്നിൽ ഹാജരായത്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കളായ സജാദിനെയും പാളയം പ്രദീപിനെയുമാണ് പാർട്ടി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംപിയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. എംപി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംപിയുടെ പിഎയായ പാളയം പ്രദീപ് പങ്കെടുത്തതാണ് തർക്കത്തിന് തുടക്കം.
പ്രദീപ് യോഗത്തിൽ പങ്കെടുക്കുകയും ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തതിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുണ്ടായിരുന്നു. യോഗത്തിൽ പ്രദീപ് പങ്കെടുക്കുന്ന ദൃശ്യങ്ങൾ എംപി പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിനു പിന്നാലെയാണ് രമ്യാ ഹരിദാസും സംഘവും രാത്രി സജാദിന്റെ വീട്ടിലെത്തിയത്.
സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇവരുടെ ആരോപണം. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തി. ഇതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
