കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്ദമംഗലം–മടവൂർ വരെയുമുള്ള റോഡുകളിലാണ് പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പടനിലം, കളരിക്കണ്ടി, വരട്ട്യാക്ക്, പെരിങ്ങളം വഴിയും പോകണം. മുക്കം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചെത്തുകടവ്, പെരിങ്ങളം വഴിയും കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എലത്തൂർ, പാവങ്ങാട്, നടക്കാവ് വഴിയും നഗരത്തിലേക്ക് പ്രവേശിക്കണം.
യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ, രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂർ വഴിയാണ് കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കേണ്ടത്.
കോഴിക്കോട് ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ്, മുണ്ടിക്കൽ താഴം, കോട്ടാംപറമ്പ്, മനത്താനത്ത് റോഡ് വഴി പോകണം. മലാപ്പറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പൂളക്കടവ്, ഇരിങ്ങാടൻപള്ളി, മുണ്ടിക്കൽ താഴം, കോട്ടാംപറമ്പ്, മനത്താനത്ത് റോഡ് വഴിയും കുന്ദമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.
വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ യാത്ര നേരത്തെയാക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
മലാപ്പറമ്പ് മുതൽ കുന്ദമംഗലം–മടവൂർ വരെയുള്ള റോഡുകളിൽ യാതൊരുവിധ വാഹന പാർക്കിങ്ങും അനുവദിക്കില്ല. വി.വി.ഐ.പി. കടന്നുപോകുന്ന സമയത്ത് ഈ റൂട്ടിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
