കോഴിക്കോട്: പാർട്ടിയിലെ ദൗർബല്യങ്ങളും പോരായ്മകളും തുറന്നുകാട്ടി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെയാകണമെന്നതിനെക്കുറിച്ചാണ് ഇപ്പോൾ ഗൗരവമായ ചർച്ച നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോരായ്മകൾ പരിഹരിക്കുന്നതിനായി സംസ്ഥാനതലം മുതൽ പ്രാദേശികതലം വരെ ശക്തമായ ഇടപെടൽ നടത്തുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിൽ ബിജെപി പിടിമുറുക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും വലതുപക്ഷം മേൽക്കൈ സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ കണ്ടെത്തിയ ദൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കണമെന്നത് വിപുലമായ യോഗം ചർച്ച ചെയ്യും.
മുസ്ലിം ലീഗിനെതിരെയും എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. ഭരണത്തിൽ പങ്കാളിത്തമുണ്ടെന്നതിനാൽ വർഗീയ ശക്തികളുമായി ചേരാൻ മുസ്ലിം ലീഗിന് മടിയില്ലെന്നാണ് വിമർശനം. ന്യൂനപക്ഷങ്ങളുടെ പേര് പറയുകയും അതേസമയം വർഗീയ ശക്തികളുമായി ചേരുകയും ചെയ്യുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിലും ഇത് വ്യക്തമാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
പാർട്ടിയിലെ പോരായ്മകൾ പരിഹരിക്കാൻ ഗൗരവമായ ഇടപെടൽ അനിവാര്യമാണ്. പ്രാദേശികതലം വരെ ഇത്തരം ഇടപെടലുകൾ വ്യാപിപ്പിക്കും. പാർട്ടി അംഗങ്ങളുടെ നിലവാരം ഉയർത്തേണ്ടതുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വിപുലീകൃത സംസ്ഥാന സമിതിക്കെതിരായ വിമർശനങ്ങളിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. വിപുലീകൃത സംസ്ഥാന സമിതി ഭരണഘടനാപരമാണോയെന്ന ചോദ്യത്തിന്, പാർട്ടി ഭരണഘടനപ്രകാരം ഇത്തരം വിഷയങ്ങളിൽ ചർച്ച നടത്താൻ അവകാശമുണ്ടെന്നും അതിനാൽ ഉയരുന്ന ചോദ്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശികതലത്തിലെ പരാതികൾ പരിഹരിക്കുന്നതിനും സംസ്ഥാന സമിതി നേരിട്ട് ഇടപെടും. പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സമിതി തന്നെ താഴേക്കിടയിലേക്ക് നേരിട്ട് എത്തും. നിലവിൽ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്ന പരാതികൾ ജില്ലാ കമ്മിറ്റികൾക്ക് കൈമാറുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത് വേണ്ടത്ര ഫലപ്രദമായി നടക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു
