Home Keralaപണമല്ല, ഇപ്പോൾ ‘പവറാണ്’ പ്രധാനം; വില കൂടിയാലും വൈദ്യുതി വാങ്ങും, പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം

പണമല്ല, ഇപ്പോൾ ‘പവറാണ്’ പ്രധാനം; വില കൂടിയാലും വൈദ്യുതി വാങ്ങും, പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം

by news_desk1
0 comments

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ വില നൽകേണ്ടിവന്നാലും വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കുകയാണ് സർക്കാരിന്റെ അടിയന്തര ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി. എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. യൂണിറ്റിന് 30 രൂപ വരെ നൽകേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെങ്കിലും നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ലഭ്യമാക്കുക തന്നെയാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി.

എൻടിപിസി കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ വലിയ കടമ്പകളില്ലാതെ വൈദ്യുതി വാങ്ങാനാകുമെന്നാണ് പ്രതീക്ഷ. എൻടിപിസിയുമായി കെഎസ്ഇബി സിഎംഡി ബുധനാഴ്ച ചർച്ച നടത്തും. എന്നാൽ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് അവസാന ഓപ്ഷനല്ലെന്നും മന്ത്രി പറഞ്ഞു.

അധിക വില നൽകി വൈദ്യുതി വാങ്ങുന്നതിന്റെ സാമ്പത്തിക ബാധ്യത പൂർണമായും ജനങ്ങളിലേക്ക് എത്തില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വിവിധ മാർഗങ്ങൾ തേടുകയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് വൈദ്യുതി ഉപഭോഗം വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാനമായും ആക്കം കൂട്ടിയതെന്നും മന്ത്രി പറഞ്ഞു.

അധിക വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യതകൾ തേടി കെഎസ്ഇബി ഡയറക്ടർ ബോർഡ് സംഘം ഇന്ന് ഉത്തരേന്ത്യയിലെത്തും. ഫിനാൻസ് ഡയറക്ടർ ആർ. ബിജു, സിസ്റ്റം ഓപ്പറേഷൻസ് ഡയറക്ടർ ബി. ശിവദാസ് എന്നിവരാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതിനായി പോകുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിനായക ചതുർഥി അവധിയായതിനാൽ ഇന്ന് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായി മഴ ലഭിച്ചതും ആശ്വാസകരമാണ്. സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.

വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബി സിഎംഡി ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക. എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിലും കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

You may also like