Home Keralaവിമർശനവും സ്വയംവിമർശനവും; ഇനി തിരുത്തൽ നടപടികൾക്കും വേഗം, പാർട്ടി വിദ്യാഭ്യാസത്തിന് ആപ്പ്, ആരാധനാലയങ്ങളിൽ സജീവ ഇടപെടലിന് സി.പി.എം

വിമർശനവും സ്വയംവിമർശനവും; ഇനി തിരുത്തൽ നടപടികൾക്കും വേഗം, പാർട്ടി വിദ്യാഭ്യാസത്തിന് ആപ്പ്, ആരാധനാലയങ്ങളിൽ സജീവ ഇടപെടലിന് സി.പി.എം

by news_desk1
0 comments

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയുടെ പ്രവർത്തനരീതിയിൽ തിരുത്തലുകൾക്ക് വഴിയൊരുക്കി സി.പി.എം. പാർട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാനും ആർ.എസ്.എസ് സ്വാധീനം തടയാൻ ആരാധനാലയങ്ങളിലെ പ്രവർത്തനം ശക്തമാക്കാനും വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായി. പാർട്ടി അണികളും ജനങ്ങളും തമ്മിലുള്ള ബന്ധം കുറയുന്ന സാഹചര്യം പരിഹരിക്കാൻ ബ്രാഞ്ച്, ഏരിയ കമ്മിറ്റികൾ മുതൽ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടാനും നിർദേശമുണ്ട്.

കോഴിക്കോട്ട് ചേർന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലെ ചർച്ചകളുടെ വിശദാംശങ്ങൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അടിയന്തര സംശയനിവാരണത്തിനും പാർട്ടി വിദ്യാഭ്യാസത്തിനുമായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാൻ യോഗത്തിൽ ധാരണയായതായി അദ്ദേഹം പറഞ്ഞു. വലതുപക്ഷവൽക്കരണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്താനും നവമാധ്യമ രംഗത്തെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

ക്ഷേത്രങ്ങളിലടക്കം ആർ.എസ്.എസ് സ്വാധീനം വർധിക്കുന്നത് തടയാൻ ഉത്സവങ്ങളും ആഘോഷങ്ങളും പൊതു ആചാരങ്ങളാക്കി മാറ്റി പാർട്ടി സജീവമായി ഇടപെടണമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വിശ്വാസികളെല്ലാം വർഗീയവാദികളല്ലെന്നും എന്നാൽ ഒരു വർഗീയവാദിയെപ്പോലും വിശ്വാസിയെന്ന് വിളിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി എം.വി. ഗോവിന്ദൻ തുറന്നുസമ്മതിച്ചു. ഇത്തരം വിമർശനങ്ങളിൽ പാർട്ടി നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, തനിക്കെതിരെ വിമർശനങ്ങളില്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. എല്ലാവരും തിരുത്തേണ്ടതുണ്ടെന്നും തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഇതുവരെ 19 പേർ ചർച്ചയിൽ പങ്കെടുത്തതായി സംസ്ഥാന സെക്രട്ടറി അറിയിച്ചു. സ്വയംവിമർശനപരമായ നിലപാടുകൾ സ്വീകരിക്കാനാണ് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന നിർദേശവും ചർച്ചകളിൽ ഉയർന്നതായി അദ്ദേഹം വ്യക്തമാക്കി.

You may also like