കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയെച്ചൊല്ലി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി വേണ്ടെന്നാണ് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചതെന്നും അനുമതി വേണമെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതുമാണ് ജസ്റ്റിസ് ബദറുദ്ദിന്റെ വിമർശനത്തിന് ഇടയാക്കിയത്.
‘ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നത്?’ എന്നാണ് കോടതി ചോദിച്ചത്. വിഷയത്തിൽ വിജിലൻസ് അഭിഭാഷകന്റെ നിലപാടിനെയും കോടതി രൂക്ഷമായി വിമർശിച്ചു. അഭിഭാഷകൻ ആ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാൻ കോടതി നിർദേശം നൽകി. തുടർന്ന് ഹാജരായ സ്റ്റേറ്റ് അറ്റോർണി വിഷയത്തിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ എന്ന കാര്യത്തിൽ വിശദമായ വാദം കേട്ടശേഷം തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹർജി മാറ്റിവെച്ചു.
കേസിന്റെ അന്വേഷണം വൈകുന്നതിലും ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 2016ൽ വെള്ളാപ്പള്ളി നടേശനെതിരായ കേസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയുണ്ടാക്കി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടിക്കണക്കിന് രൂപ വായ്പയെടുത്തുവെന്നാണ് അഴിമതി ആരോപണം.
സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിച്ചെന്നാണ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചത്.
