Home Keralaതിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റും; ‘കച്ചവട താത്പര്യമില്ല’, സിപിഎം ആരോപണം തള്ളി മന്ത്രി

തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റും; ‘കച്ചവട താത്പര്യമില്ല’, സിപിഎം ആരോപണം തള്ളി മന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാർ വനമേഖലയോട് ചേർന്ന ഭാഗത്തേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ കച്ചവട താത്പര്യമാണെന്ന സിപിഎം ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. രാഷ്ട്രീയ എതിർപ്പുകൾ നിലനിൽക്കുന്നതിനിടയിലും മൃഗശാല മാറ്റുന്നതിനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കി.

മൃഗങ്ങൾക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥയും കൂടുതൽ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റുന്നത് സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അമൂല്യമായ ഭൂമി കൈവശപ്പെടുത്താനുള്ള റിയൽ എസ്റ്റേറ്റ്, കച്ചവട താത്പര്യങ്ങളാണ് മൃഗശാല മാറ്റത്തിന് പിന്നിലെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.

അതേസമയം, മൃഗശാല മാറ്റാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് ബിജെപി നേതാവും തിരുവനന്തപുരം മേയറുമായ വി.വി. രാജേഷും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിലൂടെ മൃഗങ്ങൾക്ക് കൂടുതൽ വിശാലമായി സഞ്ചരിക്കാനുള്ള തുറസ്സായ ഇടം ലഭിക്കുമെന്നും അതുകൊണ്ട് തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

“പണ്ട് തൃശൂർ മൃഗശാല നഗരത്തിൽ നിന്ന് മാറ്റിയപ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടായോ? അതുകൊണ്ട് തൃശൂരിന്റെയോ അവിടുത്തെ മൃഗശാലയുടെയോ പ്രാധാന്യം കുറഞ്ഞോ? ഇല്ല. ഇവിടെ കനകക്കുന്നിലെയും നിശാഗന്ധിയിലെയും വലിയ മൈക്ക് ശബ്ദങ്ങളും ബഹളങ്ങളും അവിടുത്തെ മിണ്ടാപ്രാണികൾക്ക് സൃഷ്ടിക്കുന്ന അലോസരവും ബുദ്ധിമുട്ടും ചെറുതല്ല. അതുകൊണ്ടുതന്നെ മൃഗങ്ങളെ നെയ്യാർ ഡാമിന് സമീപത്തേക്ക് മാറ്റുന്നതാണ് ഏറ്റവും ഉചിതമായ കാര്യം,” മന്ത്രി ചൂണ്ടിക്കാട്ടി.

തലസ്ഥാന നഗരത്തിന് അതിന്റേതായ ചരിത്ര പ്രാധാന്യമുണ്ടെന്നും അതിനാൽ മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റുന്നതിൽ അപാകതയില്ലെന്നും മന്ത്രി പറഞ്ഞു. മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കാലങ്ങളായി ഭരണതലത്തിൽ ചർച്ചയിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു കൂട്ടർ ചെയ്യുമ്പോൾ തെറ്റും മറ്റുള്ളവർ ചെയ്യുമ്പോൾ ശരിയുമാകുന്നത് ശരിയായ രീതിയല്ല. കൂട്ടായ ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനം പരാതികൾക്കിടയില്ലാതെ നടപ്പാക്കും,” മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുമായി സർക്കാർ ഉറപ്പായും മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിന് യാതൊരു സംശയവുമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പദ്ധതി നിർദേശം സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അത് നടപ്പാക്കി മുന്നോട്ടുപോകുക എന്നതാണ് സർക്കാരിന് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

“എതിർപ്പുള്ളവർ എതിർക്കട്ടെ. ഈ കാലത്ത് ആളുകൾ എല്ലാത്തിനെയും എതിർക്കാറുണ്ടല്ലോ. വികസന പദ്ധതികളെ എതിർക്കുന്ന കാര്യത്തിലെങ്കിലും അവർ ഒന്നിച്ചുനിൽക്കുന്നുണ്ടല്ലോ,” മന്ത്രി പരിഹസിച്ചു.

നെയ്യാർ ഡാമിന് സമീപം മൃഗങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കഴിയാൻ സാധിക്കുന്ന വലിയ ഇടം ലഭിക്കുമെന്നും ഇത് വിനോദസഞ്ചാര മേഖലയ്ക്കും കൂടുതൽ ഉണർവ് നൽകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിശദാംശങ്ങൾ മുഖ്യമന്ത്രി പിന്നീട് നേരിട്ട് അറിയിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

You may also like