Home Kerala‘ഷാപ്പിനും ബാറിനും രണ്ട് നീതി’, പിണറായിക്കെതിരെ ബിനോയ് വിശ്വം

‘ഷാപ്പിനും ബാറിനും രണ്ട് നീതി’, പിണറായിക്കെതിരെ ബിനോയ് വിശ്വം

by news_desk1
0 comments

കോട്ടയം: കള്ള് ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതി; പരമ്പരാഗത കള്ളുചെത്തു തൊഴിലാളികളെ സംരക്ഷിക്കുന്നതിലും കഴിഞ്ഞ സർക്കാർ പരാജയപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കള്ളുചെത്തു വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാൻ ബാധ്യതയുണ്ടായിരുന്ന സർക്കാർ അതിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ള് ഷാപ്പുകൾ തുറക്കുന്നതിന് ആരാധനാലയങ്ങളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമുള്ള ദൂരപരിധി 400 മീറ്ററിൽനിന്ന് കുറയ്ക്കണമെന്ന് എൽഡിഎഫ് യോഗങ്ങളിൽ സിപിഐ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, ബാറുകൾക്ക് ദൂരപരിധി 50 മീറ്റർ മാത്രമാക്കി ഇളവ് നൽകിയ എൽഡിഎഫ് സർക്കാർ ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ പിണറായി വിജയൻ ഇക്കാര്യം ശരിയാണെന്ന് സമ്മതിച്ചിരുന്നുവെന്നും എന്നാൽ അഞ്ച് വർഷം ഒന്നും ചെയ്യാതെ പാഴാക്കിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ശരികൾ പാലിക്കുമ്പോഴാണ് അത് ശരികളാകുന്നത്’

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങളിൽ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്വന്തം ആളുകൾ പോലും വോട്ട് ചെയ്തില്ലെന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കാർ വോട്ട് ചെയ്യാതിരുന്നത് തെറ്റാണെങ്കിലും, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്ന് എൽഡിഎഫ് തിരിച്ചറിയണം. ജനങ്ങൾ മുന്നണിയിൽനിന്ന് അകന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ നേതൃത്വം തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

വൈക്കം, തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ തുടങ്ങിയ ഉറച്ച മണ്ഡലങ്ങളിൽ എൽഡിഎഫ് തോൽക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുടെ വീഴ്ചകളാണ് ജനവിധിയിൽ പ്രതിഫലിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

You may also like