കട്ടപ്പന: മധ്യവയസ്‌കനെ പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കട്ടപ്പന സ്വദേശി കുഞ്ഞുമോന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശികളായ റിനുമോൻ, സുരേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് പ്രതികളും ചേർന്ന് കുഞ്ഞുമോനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്.
കട്ടപ്പന നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായതെന്ന് ഇടുക്കി എസ്പി ഡോ. എ. നസിം പറഞ്ഞു. ചിലർ ചേർന്ന് കുഞ്ഞുമോനെ പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡിലെത്തിക്കുന്നത് കണ്ടെന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ മൊഴി.
കഴിഞ്ഞ ഉത്രാട ദിനത്തിൽ രാത്രിയിലാണ് സംഭവം നടന്നത്. പിന്നീട് പാതയോരത്ത് അവശനിലയിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
