ഗാസിയാബാദ്: ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ വ്യാപാരി ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് (എംഡിആർ) നിലവിൽ വരാനിരിക്കെ പ്രതിഷേധവുമായി ഉത്തർപ്രദേശിലെ വ്യാപാരികൾ. ഗാസിയാബാദിൽ യുപിഐ സ്വീകരിക്കില്ലെന്നും കറൻസി മാത്രം സ്വീകരിക്കുമെന്നും വ്യക്തമാക്കുന്ന ബോർഡുകളാണ് ചില വ്യാപാരികൾ സ്ഥാപിച്ചത്.
പുതിയ എംഡിആർ വ്യാപാരികൾക്കാണ് ബാധകമാകുന്നത്; ഉപഭോക്താക്കളിൽനിന്ന് നേരിട്ട് ഫീസ് ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകളും ചെറിയ വ്യാപാരികൾക്കുള്ള സീറോ-എംഡിആർ പരിധിയിലെ ഇടപാടുകളും തുടർന്നും സൗജന്യമായിരിക്കും. ഏകദേശം 96 ശതമാനം പേഴ്സൺ-ടു-മർച്ചന്റ് ഇടപാടുകൾക്ക് പുതിയ നിരക്ക് ബാധകമാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാൽ പുതിയ നിരക്കിന്റെ ബാധ്യത ഒടുവിൽ ഉപഭോക്താക്കളിലേക്കും എത്തുമെന്ന ആശങ്കയാണ് വ്യാപാരികൾ ഉന്നയിക്കുന്നത്. ചെറിയ കച്ചവടക്കാർക്ക് അധിക ചെലവ് താങ്ങാനാകില്ലെന്നും അതിനാലാണ് കറൻസി പേയ്‌മെന്റിന് മുൻഗണന നൽകുന്നതെന്നും അവർ പറയുന്നു.
അതേസമയം, എംഡിആർ നിലവിൽ വരുന്നതോടെ ആളുകൾ വീണ്ടും കറൻസിയിലേക്ക് മാറുമെന്ന ആശങ്കയ്ക്ക് വലിയ അടിസ്ഥാനമില്ലെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ശിരീഷ് ചന്ദ്ര മുർമു പറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ചെലവുകൾ തിരികെപ്പിടിക്കാനും സംവിധാനത്തിന്റെ തുടർവളർച്ച ഉറപ്പാക്കാനും എംഡിആർ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള പേഴ്സൺ-ടു-മർച്ചന്റ് യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആറാണ് നിലവിൽ വരുന്നത്. 75,000 രൂപയോ അതിലധികമോ ഇടപാടുകളിൽ നിരക്ക് പരമാവധി 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾക്ക് ഈ നിരക്ക് ബാധകമല്ല.
യുപിഐ നിരക്കിനെതിരെ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനം ഉയരുന്നതിനിടെ, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ദീർഘകാല സ്ഥിരത ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. നിരക്ക് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാതിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ബി.ജെ.പി.-ആർ.എസ്.എസ് അനുഭാവ സംഘടനകളിൽനിന്നും വിഷയത്തിൽ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. ആർ.എസ്.എസ് പിന്തുണയുള്ള സ്വദേശി ജാഗരൺ മഞ്ചിന്റെ സഹ കൺവീനർ അശ്വനി മഹാജൻ യുപിഐ ഫീസിനെ അനുചിതമായ തീരുമാനമെന്ന് വിശേഷിപ്പിച്ച് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടത്തരം, ചെറുകിട വ്യാപാരികളെ പ്രതിനിധീകരിക്കുന്ന ലഘു ഉദ്യോഗ് ഭാരതിയും പുതിയ നിരക്കിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
